ദിവ്യയോടുള്ള കരുതൽ വിടാതെ സിപിഎം

കണ്ണൂർ: പാർട്ടിയുടെ യശസ്സിനു കളങ്കമുണ്ടാക്കുന്ന വിധത്തിൽ പെരുമാറിയെന്നു ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി.ദിവ്യയെ തരംതാഴ്ത്താൻ പാർട്ടി തീരുമാനിച്ചെങ്കിലും കൈവിടാതെ നേതാക്കൾ. ജാമ്യം ലഭിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ പള്ളിക്കുന്ന് വനിതാ ജയിലിനു മുന്നിലേക്ക് മിനിറ്റുകൾക്കുള്ളിൽ നേതാക്കൾ കുതിച്ചെത്തി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി.ഗോപിനാഥും ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിനോയ് കുര്യനുമാണ് ആദ്യമെത്തിയത്. പി.വി.ഗോപിനാഥിന്റെ അമ്മാവന്റെ മകനാണ് പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി.പ്രശാന്ത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമള, എം.വി.സരള തുടങ്ങിയവരും പിന്നാലെയെത്തി. എന്നാൽ, ദിവ്യ പുറത്തിറങ്ങുന്നതു വൈകിയതോടെ ഏറെനേരം കാത്തുനിന്ന് ഇവർ തിരിച്ചുപോയി.