വിഴിഞ്ഞം ഓഹരികൈമാറ്റം സർക്കാർ അറിഞ്ഞിരുന്നു; ബക്കാർഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും കാട്ടി: പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
‘എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രം ആലോചിക്കാന്‍ കഴിയുന്ന കാര്യത്തില്‍ അവിടെയുള്ള അദാനിക്കമ്പനിക്ക് ഇത്ര ധൈര്യത്തില്‍ കാര്യങ്ങള്‍ നീക്കാന്‍ കഴിഞ്ഞത്. അവിടെയാണ് വ്യക്തതയുണ്ടാവേണ്ടത്’, പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎസ്‌സി വന്നാല്‍ വിഴിഞ്ഞത്ത് വിദേശകമ്പനിയുടെ ആധിപത്യം ഉണ്ടാകുമെന്നും അദാനിക്ക് സര്‍ക്കാര്‍ വഴങ്ങരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവിലും പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചു. നികുതി നിര്‍ദേശമുള്ള ധനബില്‍ ഒളിച്ചുകടത്തിയെന്നും ബക്കാര്‍ഡിക്ക് വേണ്ടി അനാവശ്യ ധൃതിയും വാശിയും മുഖ്യമന്ത്രി കാണിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു.
‘കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊയ്ത്തിന് കുടപിടിക്കുകയാണ് സര്‍ക്കാര്‍. നാടിന്റെ താല്‍പര്യത്തിന് എതിരായ ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നു. അത് സര്‍ക്കാരിന്റെ നയമാണെന്ന് പറയുന്നു.
നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ധനബില്‍ സഭയില്‍ പാസാക്കിയത്. ഷെഡ്യൂളില്‍ ധനകാര്യബില്‍ ഉണ്ടായിരുന്നില്ല. പുതിയ നികുതി നിര്‍ദേശങ്ങള്‍ ആ ഘട്ടത്തില്‍ ആലോചിച്ചിരുന്നില്ലായെന്നാണ് മനസ്സിലാക്കേണ്ടത്. ധനബില്‍ പാസാക്കാന്‍ അനാവശ്യ ധൃതിയും വാശിയും ഉണ്ടായി. മദ്യക്കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കണമെന്ന വാശിയാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. ഇത് സമൂഹത്തില്‍ മദ്യവ്യാപനം ഉണ്ടാക്കും’, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ധനകാര്യബില്‍ പാസാക്കി കഴിഞ്ഞാല്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് കാര്യമെന്നും പ്രതിപക്ഷം പരിഹസിച്ചു. മന്ത്രിസഭ അറിയാതെയാണ് തീരുമാനം. മുന്നണിയിലും ചര്‍ച്ചചെയ്യണമായിരുന്നു. മുന്നണിയില്‍ മുഖ്യമന്ത്രിയൊഴികെ നേതൃത്വം ഒന്നും അറിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കരിമണല്‍ ഘനനത്തിലും മുഖ്യമന്ത്രി നിയസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പിണറായി വിജയന്‍ പറഞ്ഞു.



