
മട്ടന്നൂർ: സ്നേഹം വഴിഞ്ഞൊഴുകി. പലരും ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെ കണ്ണീരിലലിഞ്ഞു. ഹജ്ജ് കർമമെന്ന ജീവിത സ്വപ്ന സാക്ഷാത്കാരത്തിലേക്ക് വിമാനത്തിൽ പറന്നുയാരാനായി കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ കുടുംബാംഗങ്ങൾ യാത്രയാക്കിയത് സ്നേഹ ചുംബനവും സ്നേഹപൂക്കളും നൽകി. ആത്മചൈതന്യവും, ദൈവപ്രീതിയും ലക്ഷ്യമാക്കി ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി യാത്രതിരിച്ച ഹാജിമാർക്കാണ് കണ്ണൂർ അന്താരാഷ്ട വിമാനത്താവളത്തിൽ പ്രിയപ്പെട്ടവർ സ്നേഹമധുരം പകർന്ന് വികാര നിർഭയമായി യാത്രയയപ്പ് നൽകിയത്. ഹാജിമാർ ശനിയാഴ്ച രാവിലെ 10 മണിയോടെതന്നെ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു. വിമാനം പുറപ്പെടുന്നതിന്റെ 12 മുതൽ 18 മണിക്കുറിനു മുമ്പ് തീർഥാടകർ ഹജ്ജ് ക്യാമ്പിൽ എത്തണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണിത്. ഡിപാർച്ചർ ഏരിയയിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് തീർഥാടകർ കുടുംബ സമേതം എത്തിയത്. ഇവിടെ വരെ മാത്രമേ കുടുംബാംഗങ്ങൾക്ക് ഇവരെ അനുഗമിക്കാൻ അനുവാദമുള്ളു. അതിനുശേഷം കുടുംബാംഗങ്ങൾ മടങ്ങണം. ബാഗേജ് പരിശോധനക്ക് ശേഷം ഹാജിമാരെ പ്രത്യേകം വാഹനത്തിലാണ് വളന്റിയർമാർ കാർഗോ കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ ഹജ്ജ് ക്യാമ്പിലെത്തിച്ചത്. ഇവിടെയാണ് ഹാജിമാർക്ക് രജിസ്ട്രേഷൻ, വിശ്രമം, നിസ്കാരം, ഭക്ഷണം എന്നിവക്കുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഹാജിമാരെ കിയാൽ എം.ഡി. സി. ദനേശ് കുമാർ പൂക്കൾ നൽകി സ്വീകരിച്ചു. സംഘാടക മ്പമിതി ജനറൽ കൺവീനർ പി.പി. മുഹമ്മദ് റാഫി, ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, എം.എസ്. അനസ് , ക്യാമ്പ് കോഓഡിനേറ്റർമാരായ നിസാർ അതിരകം, സി.കെ. സുബൈർ ഹാജി തുടങ്ങിയവരും ഹാജിമാരെ സ്വീകരിക്കാൻ നേതൃത്വം നൽകി.
ഹജ്ജിന്‍റെ പവിത്രത കാത്തുസൂക്ഷിക്കണം -തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി
മട്ടന്നൂർ: ഹജ്ജിന്‍റെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ശനിയാഴ്ച കണ്ണൂരിലെ ഹജ്ജ് ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർദ്ദിഷ്ട ഹജ്ജ് ഹൗസ് നിർമാണത്തിന് സർക്കാറിനു പുറമെ പൊതുജനങ്ങളുടെയും സഹകരണമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ ഹജ്ജ് ക്യാമ്പിലെ സൗകര്യങ്ങൾ വളരെ ശ്ലാഘനീയമാണെന്നും സംഘാടകരുടെയും വളനറിയർമാരുടെയും നിസ്വാർത്ഥ സേവനങ്ങൾ വളരെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ഹജ്ജ് കമ്മിറ്റിയംഗം മുസമ്മിൽ ഹാജിയും അദ്ദേഹത്തോടൊപ്പം ക്യാമ്പിലെത്തിയിരുന്നു.
ആദ്യ വിമാനത്തിൽ 170 പേർ
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ യാത്ര ചെയ്യുന്നത് 170 തീർഥാടകർ. ഇതിൽ 82 പേർ സ്ത്രീകളും ബാക്കി 88 പേർ പുരുഷന്മാരുമാണ്. ഇത്തവണ എയർ ഇന്ത്യ എക്സ്പ്രസ് ആണ് തീർഥാടകരുമായി കണ്ണൂരിൽനിന്ന് പറന്നുയരുന്നത്. 11 മുതൽ 29 വരെ 29 ഷെഡ്യൂളുകളായാണ് ഹജ്ജ് തീർഥാടകരുമായി വിമാനം പറക്കുന്നത്. 170 തീർഥാടകരാണ് ഓരോ തവണയും വിമാനത്തിൽ ഉണ്ടാകുക.
ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്ന തീർഥാടകർ ശനിയാഴ്ച രാവിലെ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
സംവിധാനങ്ങളെല്ലാം ഒരുകുടക്കീഴിൽ
മട്ടന്നുർ: ഹജ്ജ് ക്യാമ്പ് കുറ്റമറ്റ രീതിയിൽ ആക്കുന്നതിന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരും വിവിധ സബ് കമ്മിറ്റികളും അഹോരാത്രം പണിയെടുക്കുകയാണ്. ഹാജിമാരുടെ യാത്രരേഖകളും ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നത് ഹജ്ജ് സെൽ ഓഫീസർ കൂടിയായ പൊലീസ് അക്കാദമി സൂപ്രണ്ട് എസ്. നജീബിന്റെ നേതൃത്വത്തിൽ 35 അംഗ സംഘമാണ്.
സെൻട്രൽ ഹജ്ജ് കമ്മിറ്റിയുടെ രണ്ട് ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകുന്നുണ്ട്. ഹാജിമാരുടെ സൗദിയിലെ താമസ സൗകര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് ഇവരാണ്. പാസ്പോർട്ട്, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, റിട്ടേൺ ബോർഡിങ് പാസ് എന്നിവയും ഇവിടെനിന്നു തന്നെ നൽകും.
അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി എന്നീ നാല് സർക്കാർ വകുപ്പുകളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം 24 മണിക്കൂറും സജ്ജമാക്കിയിട്ടുണ്ട്. ഹാജിമാർക്ക് ആവശ്യമായ ഹോമിയോ കിറ്റും നൽകും. വിമാനം പുറപ്പെടുന്നതിന്റെ മൂന്നു മണിക്കൂർ മുമ്പ് ഹാജിമാരെ എയർപോർട്ടിലേക്ക് കൊണ്ടു പോകും. അതിനു മുമ്പ് ഹജ്ജ് സെൽ ഓഫീസർ സർക്കാർ നിർദേശങ്ങൾ ഹാജിമാരെ ധരിപ്പിക്കും. ഹജ്ജ് ക്യാമ്പ് നോഡൽ ഓഫീസർ എം.സി.കെ. അബ്ദുൽ ഗഫൂർ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.പി. മുഹമ്മദ് റാഫി, ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ എന്നിവരും ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങൾക്ക് ചൂക്കാൻ പിടിക്കുന്നുണ്ട്.
………………………………
മട്ടന്നൂർ സുരേന്ദ്രൻ
ജനറൽ കൺവീനർ
മീഡിയ കമ്മിറ്റി
ഹജ്ജ് ക്യാമ്പ് 2025
കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളം



