kannur

നെടുംപൊയിൽ-പേര്യ ചുരത്തിൽ വീണ്ടും മാലിന്യം തള്ളൽ വ്യാപകം

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിലെ നിടുംപോയിൽ-പേര്യ ചുരം റോഡിൽ മാലിന്യ തള്ളുന്നത്‌ തടയാൻ പേരാവൂർ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സംരക്ഷണവേലികൾ അറ്റകുറ്റപ്പണിയില്ലാതെ നശിക്കുന്നു.
സംരക്ഷണവേലികൾ ഭൂരിഭാഗവും കാടുപിടിച്ച് തുരുമ്പെടുക്കുകയും തകരുകയും ചെയ്തതോടെ മേഖലയിൽ വീണ്ടും മാലിന്യം തള്ളൽ വ്യാപകമായിരിക്കുകയാണ്. മനോഹരമായ ചുരം പാതയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽനിന്നും തുക വകയിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഇരുമ്പുവലകൾ (ചെയിൻ ലിങ്ക് ഫെൻസിങ്) ഉപയോഗിച്ച്സംരക്ഷണവേലി തീർത്തത്. പരിചരണമില്ലായ്മ പതിയെ വേലികളെ തകർത്തു. ചുരം റോഡിലെ പല ഭാഗങ്ങളിലും അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടിച്ചതും വേലി തകരാൻ കാരണമായി.


വേനൽക്കാലത്തും മൺസൂണിലും മരങ്ങളും വൻകിട ചില്ലകളും കടപുഴകി വീണും വേലികൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. തകർന്ന വേലികളുടെ വിടവുകളിലൂടെയും കാടുകളുടെ മറവിലൂടെ രാത്രിയിൽ വീണ്ടും മാലിന്യം ചുരത്തിലേക്ക് തള്ളുകയാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച വേലികൾ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കാനും, മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button