മലപ്പുറം

താനൂരിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു; മുംബൈയില്‍ എത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്

മലപ്പുറം: താനൂരില്‍ നിന്ന് കാണാതാകുകയും മുംബൈയില്‍ കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചത്. പരീക്ഷയ്ക്ക് ഹാജരാകാനുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു.

സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പെണ്‍കുട്ടികളെ കൊണ്ടുപോയ ഇന്‍സ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബര്‍ റഹീമിന് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. വിദ്യാര്‍ത്ഥിനികള്‍ യാദൃശ്ചികമായി മുംബൈയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ എത്തുകയായിരുന്നു. ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാര്‍ക്കോ മറ്റോ സംഭവത്തില്‍ പങ്കുള്ളതായി വ്യക്തമായിട്ടില്ല. മുംബൈയില്‍ അടക്കം പോയി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. അതേസമയം കേസ് ഉടന്‍ അവസാനിപ്പിക്കില്ലെന്നും എല്ലാ സാധ്യതകളും വിശദമായി പരിശോധിക്കുമെന്നും താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളായിരുന്നു നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിന് പിന്നാലെ പെണ്‍കുട്ടികള്‍ കോഴിക്കോട് എത്തുകയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതോടെ പെണ്‍കുട്ടികള്‍ മുംബൈയിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുംബൈയില്‍ അന്വേഷണം വ്യാപിപ്പിച്ചതിനിടെ പൂനെയില്‍ നിന്ന് പെണ്‍കുട്ടികളെ കണ്ടത്തി. നാട്ടിലെത്തിച്ച പെണ്‍കുട്ടികളെ കെയര്‍ ഹോമിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button