‘ഷഹബാസിനെ വീടിന് തൊട്ടടുത്തുള്ള സ്ഥലത്ത് കൂട്ടുകാർ ഇറക്കി വിടുകയായിരുന്നു’, അക്രമികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്; അമ്മാവൻ

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഷഹബാസിനെ അക്രമിച്ചതിന് പിന്നിൽ മുതിർന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് അമ്മാവൻ നജീബ്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് വിദ്യാർത്ഥികൾ അല്ലാതെ 5 മുതിർന്ന ആളുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അവർ ആരൊക്കെയാണെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അക്രമികളായ വിദ്യാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും നജീബ് പറഞ്ഞു. ക്രിമിനലുകളിൽ ഒരാളുടെ പിതാവ് പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ ജീപ്പ് ഡ്രൈവറാണെന്നും ക്രിമനലുകൾക്ക് ആയുധങ്ങൾ എവിടെ നിന്ന് കിട്ടി എന്നത് പരിശോധിക്കണം. ഞങ്ങളുടെ കുട്ടി നഷ്ട്ടമായി, ഇനി ആർക്കും ഈ ഗതികേട് ഉണ്ടാകരുതെന്നും അത് പൊലീസ് ഉറപ്പുനല്കിയിട്ടുള്ള കാര്യമാണെന്നും നജീബ് കൂട്ടിച്ചേർത്തു.
ഷഹബാസിനെ സംഭവ ശേഷം കൂട്ടുകാർ തന്നെയാണ് വീട്ടിൽ കൊണ്ടുവന്നിറക്കിയത്. വീടിന് തൊട്ടടുത്തുള്ള സ്ഥലത്താണ് കൂട്ടുകാർ ഇറക്കിവിട്ടത്. വീട്ടിൽ വന്ന ഷഹബാസ് തലവേദനയാണെന്ന് പറഞ്ഞാണ് റൂമിലേക്ക് കയറിപോയതെന്നും പിന്നീട് കൂട്ടുകാരെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് അടിപിടിയുടെ കാര്യം പറയുന്നത്. അതേസമയം തന്നെയാണ് ഷഹബാസ് ഛർദ്ദിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത് നജീബ് പറഞ്ഞു.
ട്യൂഷൻ സെന്ററിലെ പരിപാടിയുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളുടെ തുടർച്ചയായാണ് ഷഹബാസിന് നേരെയുണ്ടായ ഈ ആക്രമണം എന്നാണ് വിശ്വസിക്കുന്നത്.വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. അടിയുടെ ആഘാതത്തിൽ ഷഹബാസിന്റെ തലച്ചോറിന് 70% ആണ് ഗുരുതരമായി പരുക്കേറ്റിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി കോമയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ശേഷം രാത്രി 12 .30 യോടുകൂടിയാണ് മരണം സ്ഥിരീകരിക്കുന്നത്.