കുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്ന കേസിലെ പ്രതി ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂര്‍: കാമുകന്റെ നിര്‍ദേശപ്രകാരം കുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്ന കേസിലെ പ്രതിയായ ഒന്നരവയസ്സുകാരന്റെ മാതാവ് ആത്മഹത്യാശ്രമം നടത്തി. കണ്ണൂര്‍ തയ്യില്‍ സ്വദേശി ശരണ്യയാണ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമം 2020 ഫെബ്രുവരി 17 ന് നടന്ന കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ്.
കാമുകനൊപ്പം ജീവിക്കാന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മകന്‍ വിയാനെയെടുത്തുകൊണ്ടുപോയി വീടിനടുത്തുള്ള കടല്‍തീരത്തെ പാറക്കെട്ടിലെറിഞ്ഞു കൊന്നുവെന്നാണ് യുവതിക്കെതിരെയുള്ള കുറ്റപത്രം. 2020 ഫെബ്രുവരി 17ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. കൊലക്കുറ്റം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അന്വേഷണ സംഘം ശരണ്യയ്ക്കെതിരെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നേരത്തേ തന്നെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ ആരംഭിക്കാനിരിക്കെയായിരുന്നു അമ്മയുടെ ആത്മഹത്യാശ്രമം.
ശരണ്യ ഒന്നരവയസ്സുള്ള മകനെ രണ്ടു തവണയാണ് കടലിലേക്ക് എറിഞ്ഞത്. ആദ്യ തവണ എറിഞ്ഞപ്പോള്‍ പാറക്കൂട്ടത്തില്‍ വീണ് പരിക്കേറ്റ കുഞ്ഞ് കരഞ്ഞു. മരിച്ചെന്ന് ഉറപ്പുവരുത്താന്‍ ശരണ്യ പാറക്കെട്ടിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിയെ എടുത്ത ശേഷം വീണ്ടും കടലിലേക്ക് എറിയുകമായിരുന്നു. തുടര്‍ന്ന് കടല്‍ക്കരയില്‍ ഇരുന്ന് കുഞ്ഞ് മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം വീട്ടില്‍ മടങ്ങിവന്ന് കിടന്നുറങ്ങുകയും ചെയ്തതായിട്ടാണ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിതിന്റെ പ്രേരണയിലായിരുന്നു ശരണ്യ ഇങ്ങിനെ ചെയ്തത്.