Uncategorized

അന്തർ സംസ്ഥാന വനം ചെക്ക് പോസ്റ്റിന് ഇരിട്ടിയിൽ സ്വന്തമായി ആസ്ഥാന മന്ദിരം
കണ്ടെയ്‌നർ കെട്ടിടത്തിൽ ചെക്ക് പോസ്റ്റ് പ്രവർത്തനം തുടങ്ങി

ഇരിട്ടി : പതിറ്റാണ്ടുകളായുള്ള  കാത്തിരിപ്പിനൊടുവിൽ  ഇരിട്ടി അന്തർസംസ്ഥാന വനം ചെക്ക് പോസ്റ്റ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം ഇരിട്ടി  ഫോറസ്റ്റ് ഓഫീസ്  കോംപ്ലക്‌സിന് മുന്നിൽ നിർമ്മിച്ച ആധുനിക കണ്ടെയ്‌നർ കെട്ടിടത്തിലാണ് ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം തുടങ്ങിയത്.
ഇരിട്ടി പഴയപാലത്തിന് സമീപം ആറ് പതിറ്റാണ്ടിലേറെ  പ്രവർത്തിച്ചുവന്നിരുന്ന  ചെക്ക് പോസ്റ്റ് കെ എസ് ടി പി റോഡ് വികസനത്തിന്റെയും പുതിയ പാലം നിർമ്മാണത്തിന്റെയും ഭാഗമായി 2017ലാണ് മാടത്തിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത്. പിന്നീട് 2020 നവംബറിൽ കൂട്ടുപുഴ പാലത്തിനു സമീപത്തേക്കും 2021 സെപ്റ്റംബർ രണ്ടിന് വീണ്ടും മാടത്തിയിലേക്കും മാറ്റി. സ്ഥല സൗകര്യവും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത വാടകക്കെട്ടിടത്തിലെ പ്രവർത്തനം ജീവനക്കാർക്ക് ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. കെട്ടിടത്തിലെ ചോർച്ചയും സ്ഥലപരിമിതിയും ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ അഭാവവും പ്രതിസന്ധിയായി.


പുതിയ ചെക്ക് പോസ്റ്റ് ഇരിട്ടി പഴയപാലത്തിൽനിന്ന് 900 മീറ്റർ മാത്രം അകലെ ആറളം വന്യജീവി സങ്കേതം ഡിവിഷൻ ഓഫിസും ഇരിട്ടി ഫോറസ്റ്റ് സെക്ഷൻ ഓഫിസും പ്രവർത്തിക്കുന്ന ഫോറസ്റ്റ് ഓഫിസ് കോംപ്ലക്‌സിന് മുന്നിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് ഒരുക്കിയത്. പാലക്കാട് റീജനൽ നിർമ്മിതി  കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം ഒരുക്കിയത്.  ഓഫിസ് മുറി, ചെറിയ ഹാൾ, കിടപ്പുമുറി, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് കണ്ടെയ്‌നർ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
പുതിയ ഓഫീസ് കെട്ടിടം പ്രാവർത്തികമായതോടെ  ചെക്ക് പോസ്റ്റിന്റെ ഭരണസംവിധാനത്തിലും വനംവകുപ്പ് മാറ്റം വരുത്തി. കൊട്ടിയൂർ റേഞ്ചിലെ ചെക്ക് പോസ്റ്റ് സെക്ഷൻ ഓഫീസറുടെ കീഴിലായിരുന്ന ചെക്ക് പോസ്റ്റിന്റെ ഭരണച്ചുമതല ഇനി കൊട്ടിയൂർ റേഞ്ചിന്റെ ഭാഗമായ ഇരിട്ടി ഫോറസ്റ്റ് സെക്ഷനിലായിരിക്കും. ചെക്ക് പോസ്റ്റിനായി മാത്രമുണ്ടായിരുന്ന ജീവനക്കാരെ സെക്ഷന്  കീഴിലാക്കി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള സെക്ഷൻ ജീവനക്കാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. ഇതോടെ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനും പരിശോധനാ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.
ചെക്ക് പോസ്റ്റിലുണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തിക കൊട്ടിയൂർ റേഞ്ച് ആസ്ഥാനത്ത് സ്‌പെഷൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസറായി പുനർവിന്യസിച്ചിട്ടുണ്ട്.

തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിലെയും ഫോറസ്റ്റ് ട്രിബ്യൂണലിലെയും കേസുകളുടെ ഏകോപനം, സമയബന്ധിതമായി മഹസ്സറുകളും കുറ്റപത്രങ്ങളും സമർപ്പിക്കൽ, വന്യജീവി ആക്രമണങ്ങളിലെ നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കൽ എന്നിവ പുതിയ തസ്തികയുടെ പ്രധാന ചുമതലകളാണ്. റേഞ്ചിനു കീഴിലുള്ള റിസർവ് വനങ്ങളുടെയും വെസ്റ്റഡ് ഫോറസ്റ്റ്, ഇ എഫ് എൽ മേഖലകളുടെയും സംരക്ഷണം, അതിർത്തി നിർണ്ണയം, ഡിജിറ്റൽ സർവേ, ട്രിബ്യൂണൽ കേസുകൾ എന്നിവയിലും ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കും.
പടിയൂർ, വയത്തൂർ, നുചിയാട്, വിളമന, കരിക്കോട്ടക്കരി, ആറളം തുടങ്ങിയ വില്ലേജുകളിലെ വനമേഖലകളിൽനിന്നും സ്വകാര്യ തോട്ടങ്ങളിൽനിന്നുമുള്ള അനധികൃത മരംമുറിയും കടത്തും തടയുന്നതിനാണ് ഇരിട്ടിയിൽ വനം ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. കർണാടകയിലെ മാക്കൂട്ടം ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കുശേഷം കേരളത്തിലേക്ക് കടത്തുന്ന തടികൾക്ക് നികുതി അടച്ച് എക്‌സ്‌ചേഞ്ച് പെർമിറ്റ് നൽകുന്നതും ഇവിടെ നിന്നാണ്. പെരുമ്പാവൂർ, വളപട്ടണം, മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള തടിക്കടത്തും കേരളത്തിൽനിന്ന് കർണാടകയിലേക്കുള്ള തടികളുടെ നീക്കവും ഇവിടെ പരിശോധിക്കും.
കേരള – കർണാടക അതിർത്തിയായ കൂട്ടുപുഴയിലേക്ക് ചെക്ക് പോസ്റ്റ് മാറ്റാൻ നേരത്തേ വനംവകുപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് ഇരിട്ടി ഫോറസ്റ്റ് ഓഫിസ് കോംപ്ലക്‌സിന് മുന്നിൽ പുതിയ സംവിധാനം ഒരുക്കാൻ തീരുമാനിച്ചത്. പുതിയ കെട്ടിടം പ്രവർത്തന സജ്ജമായതോടെ വർഷങ്ങളായി തുടരുന്ന താൽക്കാലിക സംവിധാനങ്ങൾക്ക് അവസാനമായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button