District News

പത്തുവർഷത്തെ സ്തുത്യർഹമായ സേവനം: കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ ‘ചേതക്’ വിടവാങ്ങി

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടക വസ്തു പരിശോധനാ വിഭാഗത്തിലെ വിശ്വസ്ത അംഗമായിരുന്ന ‘ചേതക്’ ഇനി ഓർമ്മ. സേനയ്ക്ക് പത്തുവർഷത്തോളം സ്തുത്യർഹവും നിസ്തുലവുമായ സേവനം നൽകിയ ചേതക്ക് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങി. സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥരുടെയും സേനാംഗങ്ങളുടെയും സാന്നിധ്യത്തിൽ കണ്ണീരോടെയാണ് സേന ചേതക്കിന് അന്ത്യോപചാരം അർപ്പിച്ചത്.

മധ്യപ്രദേശിലെ ബിഎസ്എഫ് അക്കാദമി തെക്കൻപൂരിൽനിന്ന് കഠിനമായ സ്ഫോടകവസ്തു പരിശോധനാ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ചേതക്ക്, 2017 മുതലാണ് കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിന്റെ ഭാഗമായി ഔദ്യോഗിക സേവനം ആരംഭിച്ചത്. സർവീസ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ആറുമാസത്തെ സേവന കാലാവധി കൂടി നീട്ടിനൽകിയിരുന്നു. എന്നാൽ, ഇതിനിടയിൽ പിടിപെട്ട ഗുരുതരമായ കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷ ബാധിതവും അതീവ സുരക്ഷ ആവശ്യമുള്ളതുമായ തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് തുടങ്ങിയ വിവിധ മേഖലകളിൽ നടന്ന നിരവധി നിർണായക സ്ഫോടക വസ്തു പരിശോധനകളിൽ ചേതക്ക് മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ഒളിപ്പിച്ചുവെച്ച സ്ഫോടകവസ്തുക്കളും ബോംബുകളും മണത്തുപിടിക്കുന്നതിൽ ചേതക്ക് കാട്ടിയ അസാധാരണ വൈദഗ്ധ്യം സേനയ്ക്ക് പലപ്പോഴും വലിയ കരുത്തായി മാറി.

കൂടാതെ, സുരക്ഷാ പരിശോധനകളുടെ ഭാഗമായി ഒരു വർഷത്തോളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും ചേതക്കിന്റെ സേവനം വിന്യസിച്ചിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. സരീഷ്, എം.വി. രതീഷ് എന്നിവരായിരുന്നു ചേതക്കിന്റെ പ്രിയപ്പെട്ട ഹാൻഡ്ലർമാർ.ചേതക്കിന്റെ അപ്രതീക്ഷിത വേർപാടിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസ് അഗാധമായ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് നടന്ന സംസ്കാര ചടങ്ങുകളിൽ കണ്ണൂർ സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് വി.വി. മനോജ്, കെഎപി നാലാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് എ. രാജീവൻ, കണ്ണൂർ സിറ്റി ഡിഎച്ച്ക്യു റിസർവ് ഇൻസ്പെക്ടർ പി.ആർ. ബിജു, കണ്ണൂർ സിറ്റി കെ.9 സ്ക്വാഡ് ഇൻചാർജ് എസ്ഐ ജയ്സൺ ജോർജ്, കണ്ണൂർ റൂറൽ കെ.9 സ്ക്വാഡ് ഇൻചാർജ് എസ്ഐ പി.വി. ബാബുരാജ്, കാസർഗോഡ് കെ.9 സ്ക്വാഡ് ഇൻചാർജ് എസ്‌സിപിഒ കെ. ഷീബു എന്നിവരുൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചേതക്കിന്റെ ഭൗതികശരീരത്തിൽ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള പൂർണ്ണ ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button