ഇരിക്കൂർ: ശുചീകരണ തൊഴിലാളികൾക്ക് പൊതിച്ചോർ നൽകി കവിതാ സമാഹാരമായ ‘പൊതിച്ചോർ’ പ്രകാശനം ചെയ്ത വ്യത്യസ്തമായ ചടങ്ങ് ശ്രദ്ധേയമായി.

സാഹിത്യ-സാംസ്കാരിക രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബഷീർ പെരുവളത്തുപറമ്പിന്റെ പതിനഞ്ചാമത്തെ പുസ്തകമായ ‘പൊതിച്ചോറി’ന്റെ പ്രകാശനമാണ് വേറിട്ട രീതിയിൽ നടന്നത്. ലേഖനി ബുക്സ് പ്രസിദ്ധീകരിച്ച 27 കവിതകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ കവർ കവി കെ. സച്ചിദാനന്ദൻ ഓൺലൈനിലൂടെ പ്രകാശനം ചെയ്തിരുന്നു.

ഇരിക്കൂർ ടൗണിലെ പുഴക്കരയിലുള്ള പഞ്ചായത്ത് ഹരിതകർമസേനയുടെ ഗോഡൗണിൽ നടന്ന ചടങ്ങിൽ ഹരിതകർമസേന പ്രവർത്തകരായ അംഗങ്ങൾക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഹരിതകർമസേന പ്രവർത്തകയും എഴുത്തുകാരന്റെ ബാല്യകാല അയൽക്കാരിയുമായ ഇ.കെ. പുഷ്പവല്ലിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

എഴുത്തിനും സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഏറെ പ്രചോദനമായ ഇടമാണ് തനിക്ക് ഇരിക്കൂരെന്നും സമൂഹത്തിലെ അടിത്തട്ടിലുള്ള തൊഴിലാളികൾക്ക് പ്രാധാന്യം നൽകണമെന്ന ചിന്തയാണ് ഇത്തരമൊരു പ്രകാശനത്തിന് പിന്നിലെന്നും ഗ്രന്ഥകർത്താവ് ബഷീർ പെരുവളത്തുപറമ്പ് പറഞ്ഞു. പട്ടാനൂരിൽ പെയിന്റിങ് ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അദ്ദേഹം പുസ്തകപ്രകാശന ചടങ്ങിനെത്തിയത്.

ഇ.കെ. പുഷ്പവല്ലി, ഗീത, സതി, ബിന്ദു, സറീന, രജനി, രജില, പ്രസന്ന, ഓമന, സുജാത, ഇന്ദിര, ശുഭ, ചന്ദ്ര, പ്രസന്ന എന്നിവർ പങ്കെടുത്തു.

By Admin

Leave a Reply

Your email address will not be published. Required fields are marked *