kannur

പേര്യ ചുരം റോഡ് ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കും

കണ്ണൂർ: നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാക്കി ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലുള്ള റോഡിലെ മണ്ണ് ഉൾപ്പെടെ നീക്കി സംരക്ഷണ ഭിത്തി നിർമ്മിച്ചുള്ള നിർമാണ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ചുരത്തിലെ പലയിടത്തും സോയിൽ പൈപ്പിങ് ഉണ്ടായതിനെ തുടർന്നാണ് പുനർനിർമാണം വേണ്ടിവന്നത്. പേര്യ ചുരം റോഡ് അടച്ചതിനെ തുടർന്ന് നിലവിൽ കണ്ണൂർ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂർ പാൽചുരം വഴിയാണ് വാഹനങ്ങൾ പോകുന്നത്.

ജില്ലയിലെ മഴയുടെ സ്ഥിതി അവലോകനം ചെയ്യാനായി എഡിഎം സി പദ്മചന്ദ്രക്കുറുപ്പിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം അറിയിച്ചത്.

ജില്ലയിലെ ദേശീയപാതയിലെ വെള്ളക്കെട്ട് നീക്കിയതായും മണ്ണിടിച്ചിൽ സാധ്യത നിരീക്ഷിക്കുന്നതായും കരാറുകാർ അറിയിച്ചു.

നിലവിലെ ദേശീയപാതയിലെ വളപട്ടണം-താഴെ ചൊവ്വ റോഡ് അറ്റകുറ്റ പണി മഴ തോർന്ന് നാല് ദിവസത്തിനകം നടത്തുമെന്ന് കരാറുകാരായ വിശ്വസമുദ്ര എഡിഎമ്മിന് ഉറപ്പുനൽകി. ഇതിനായി ഇനിയും കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് എഡിഎം വ്യക്തമാക്കി.

റെഡ് അലേർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ചയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ചൊവ്വാഴ്ചയും ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾ നിർത്തി വെച്ചതായി ജിയോളജിസ്റ്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button