ചെന്നൈ

വന്ദേഭാരതിൽ വിളമ്പിയ സാമ്പാറിൽ പ്രാണികൾ, ഭക്ഷണ വിതരണക്കാരന് 50000 രൂപ പിഴ ചുമത്തി റെയിൽവെ

ചെന്നൈ: വന്ദേഭാരത് ട്രെയിനിൽ വിളമ്പിയ സാമ്പാറിൽ പ്രാണികളെ കണ്ടെന്ന് പരാതി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ റെയിൽവെ ഭക്ഷണ വിതരണക്കാരന് പിഴ ചുമത്തി. 50,000 രൂപയാണ് പിഴ ചുമത്തിയത്.

തിരുനെൽവേലിയിൽ നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിലാണ് പ്രാണികളെ കണ്ടെത്തിയത്. മണിക്കം ടാഗോർ എംപി ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്ത് വന്ദേഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ വിമർശിച്ചു. റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രീമിയം ട്രെയിനുകളിൽ പോലും ഭക്ഷ്യസുരക്ഷയില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.

തുടർന്ന് റെയിൽവെ മറുപടിയുമായി രംഗത്തെത്തി. ദിണ്ടിഗൽ സ്റ്റേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ ഭക്ഷണപ്പൊതി പരിശോധിച്ചു. പ്രാണികൾ സാമ്പാറിൽ അല്ല, സാമ്പാറൊഴിച്ച അലുമിനിയം കണ്ടെയിനറിന്‍റെ അടപ്പിലാണ് കണ്ടതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയതായി റെയിൽവെ വിശദീകരിച്ചു. വീഴ്ച വരുത്തിയതിന് ഭക്ഷണ വിതരണ ചുമതലയുണ്ടായിരുന്ന ബൃന്ദാവൻ ഫുഡ് പ്രൊഡക്ട്സിന് പ്രാഥമികമായി 50,000 രൂപ പിഴ ചുമത്തിയെന്ന് റെയിൽവേ അറിയിച്ചു. ഫുഡ് സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടികളെടുക്കുമെന്നും റെയിൽവെ വ്യക്തമാക്കി.

വേഗതയിൽ മുൻപന്തിയിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെ കുറിച്ച് പരാതി ഉയരുന്നത് ഇതാദ്യമല്ല. നേരത്തെ പാറ്റയെ കണ്ടെത്തിയതായി മറ്റൊരു യാത്രക്കാരൻ പരാതിപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button