സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതി കസ്റ്റഡിയില്‍

നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ വസതിയില്‍വെച്ച് കുത്തേറ്റ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. റസ്റ്റൊറന്റ് ജീവനക്കാരനായ വിജയ് ദാസാണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. താനെയില്‍നിന്നുമാണ് ഇയാള്‍ പിടിയിലായത്. വെയ്റ്ററായും കെട്ടിട നിര്‍മാണ തൊഴിലാളിയായും ജോലി ചെയ്യുന്ന ആളാണ് ഇയാള്‍.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫ് അലി ഖാന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. പ്രതിരോധിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആറ് തവണ കുത്തേറ്റ അദ്ദേഹത്തെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടെണ്ണം ആഴമുള്ളതായിരുന്നു. നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
നടിയും സെയ്ഫിന്റെ പങ്കാളിയുമായ കരീന കപൂറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് കരീന മൊഴി നല്‍കി. സംഭവ സമയം താനും മക്കളും സുരക്ഷയ്ക്ക് വേണ്ടി 12-ാം നിലയിലേക്ക് കയറി നിന്നുവെന്നും കരീന പറഞ്ഞു.
സല്‍മാന്‍ ഖാന്റെയും കരീനയുടെയും വസതിയിലും കരിഷ്മയുടെ വസതിയിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.