അന്‍വറിന്റെ യുദ്ധപ്രഖ്യാപനത്തില്‍ പ്രതീക്ഷ കണ്ട് യുഡിഎഫ്; തല്‍കാലം നിലമ്പൂര്‍ എംഎല്‍എയ്ക്ക് കൈ കൊടുക്കില്ല; ഞായറാഴ്ചത്തെ പൊതു സമ്മേളനത്തില്‍ ആരെല്ലാം എത്തുമെന്നതും ഭാവിയെ സ്വാധീനിക്കും; കോണ്‍ഗ്രസും ലീഗും ‘അന്‍വറിനെ’ നിരീക്ഷിക്കും

തിരുവനന്തപുരം: പിവി അന്‍വറിന്റെ യുദ്ധ പ്രഖ്യാപനം ആയുധമാക്കാന്‍ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വറിന്റെ തുറന്നു പറച്ചില്‍ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗത്തില്‍ വിലയിരുത്തി. അന്‍വറിനെ കൊള്ളാനും തള്ളാനുമില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ യുഡിഎഫ്. എന്നാല്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു.
പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് യുഡിഎഫ് നിര്‍ണായക തീരുമാനമെടുത്തത്. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് നീക്കം. വിശദ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ നടന്നു. രാഷ്ട്രീയ ബോംബാണ് അന്‍വര്‍ പൊട്ടിച്ചത്. ഇത് യുഡിഎഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍