രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂരിൽ: കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും

തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച (നവംബർ 27) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇരുപ്രദേശങ്ങളിലും കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.(President Droupadi Murmu to Visit Guruvayur and Kalady Temples on Friday)
വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തുന്ന രാഷ്ട്രപതി, ദർശനത്തിന് ശേഷം 11.30-ന് മടങ്ങും. ക്ഷേത്രദർശനത്തിന് മാത്രമായാണ് സന്ദർശനം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് നാല് മണി വരെ കാലടി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ല.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി, തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 3.50-ന് ഗസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രദർശനത്തിനായി പുറപ്പെടും. 4.15 വരെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 4.30-ന് ഗുരുവായൂരിൽ നിന്ന് മടങ്ങും. സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജങ്ഷൻ വരെ ഗതാഗതം പൂർണ്ണമായും നിരോധിക്കും. ട്രയൽ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ചയും പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അറിയിച്ചു.
തൃശൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ ചൂണ്ടലിൽ നിന്ന് കുന്നംകുളം വഴി തിരിഞ്ഞ് ഗുരുവായൂരിലെത്തണം. സ്വകാര്യ ബസുകൾ പടിഞ്ഞാറെനട കമ്പിപ്പാലത്തിന് സമീപമുള്ള ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. ചാവക്കാട്, പൊന്നാനി ഭാഗങ്ങളിൽ നിന്നുള്ള ടോറസ്, ടിപ്പർ ലോറികൾ ചാവക്കാട് ജങ്ഷന് മുൻപായും, പാവറട്ടിയിൽ നിന്ന് വരുന്നവ പഞ്ചാരമുക്ക് ജങ്ഷന് മുൻപായും നിർത്തിയിടണം. ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.



