രണ്ടര കിലോമീറ്ററിൽ ഇനി ഒരു പോസ്റ്റ് ഓഫിസ് മാത്രം; സംസ്ഥാനത്തെ 335 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും പൂട്ടും

കണ്ണൂർ : സംസ്ഥാനത്തെ 335 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും 38 ഹെഡ് പോസ്റ്റ് ഓഫിസുകളും നിർത്തലാക്കാൻ പോസ്റ്റൽ ഡയറക്ടറേറ്റ് തീരുമാനം. ഇനിമുതൽ ജില്ലയിൽ ഒരു ഹെഡ് പോസ്റ്റ് ഓഫിസേയുണ്ടാകൂ. സംസ്ഥാനത്ത് 52 ഹെഡ് പോസ്റ്റ് ഓഫിസാണു നിലവിലുള്ളത്. ജനുവരി ആദ്യം തീരുമാനം നടപ്പാക്കും. നിർത്തലാക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസുകൾ തരംതാഴ്ത്തി മുഖ്യ ടാക്ഘർ എന്ന പേരിൽ അറിയപ്പെടും. രണ്ടര കിലോമീറ്റർ ചുറ്റളവിൽ രണ്ട് ബ്രാഞ്ച് പോസ്റ്റ് ഓഫിസുകൾ ഉണ്ടെങ്കിൽ ഒന്ന് നിർത്തലാക്കും. അങ്ങനെയുള്ള 335 എണ്ണത്തിനാണു താഴുവീഴുന്നത്.
ബ്രാഞ്ച് പോസ്റ്റ് ഓഫിസിനു കീഴിലെ പോസ്റ്റ്മാൻമാർ തപാൽ ഉരുപ്പടികൾ എടുക്കാൻ ഇനി സബ് പോസ്റ്റ് ഓഫിസുകളിൽ പോകണം. നിലവിൽ തപാൽ ഉരുപ്പടികൾ ബ്രാഞ്ചിൽ എത്തിക്കുകയായിരുന്നു. അതില്ലാതാകുന്നതോടെ കത്തുകളും മറ്റും എടുക്കാനും വിതരണത്തിനുമായി പോസ്റ്റ്മാൻമാർ ദിവസവും 70 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടിവരും. നിർത്തലാക്കുന്ന ഓഫിസുകളിലെ ജീവനക്കാരെ എങ്ങനെ പുനർവിന്യസിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഓഫിസുകൾ പൂട്ടുന്നതിനെതിരെ തപാൽ ജീവനക്കാരുടെ സംഘടനകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.



