District News

ശോഭ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ, ശിക്ഷ നാളെ; ‘ഉയിർ’ സിനിമയ്ക്ക് പ്രചോദനമായ കേസ്

തലശ്ശേരി : ഇരിട്ടി ശോഭ (27) കൊലക്കേസിൽ പ്രതി മഞ്ജുനാഥ് കുറ്റക്കാരനെന്ന് തലശ്ശേരി കോടതി. കർണാടക തിമ്മ രാജനഹള്ളി സ്വദേശിയായ മഞ്ജുനാഥിനുള്ള (55)ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭർത്താവാണ് പ്രതിയായ മഞ്ജുനാഥ്. ‘ഉയിർ’ സിനിമയ്ക്ക് പ്രചോദനമായത് ഏറെ ശ്രദ്ധ നേടിയ ഈ കൊലക്കേസാണ്. ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ജെ. ഡെന്നിയാണ് കേസ് പരിഗണിച്ചത്.


2017 ജനുവരി 14ന് പുലർച്ചെയായിരുന്നു സംഭവം. ഇരിട്ടിയിലെ  കടവരാന്തയിൽ രണ്ടു മക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ശോഭ. മഞ്ജുനാഥ് ശോഭയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരിട്ടി ബസ് സ്റ്റാൻഡിനടുത്ത് കിണറ്റിൽ തള്ളുകയായിരുന്നു. ശോഭയുടെ അറ് വയസ്സായ മകൾ സംഭവം കണ്ടതായി മൊഴി നൽകിയത് നിർണായകമായി.


കർണാടകയിൽ ഭാര്യയുമായി കഴിയുകയായിരുന്ന മഞ്ജുനാഥ് തുംങ്കൂർ മരളന ഹള്ളിയിൽ ഭർത്താവ് രാജുവിനൊപ്പം കഴിയുകയായിരുന്ന ശോഭയെ പരിചയപ്പെടുകയായിരുന്നു. ശോഭയുടെ ഭർത്താവ് രാജുവിനെ കൊലപ്പെടുത്തി മറവ് ചെയ്ത ശേഷം ഇരുവരും കേരളത്തിലെത്തി. വിവിധയിടങ്ങളിൽ താമസിച്ചശേഷം ഇരിട്ടിയിലെത്തി. കൊലപാതകം നടക്കുന്നതിനു തലേദിവസം, നാട്ടിലുള്ള ഭാര്യയെയും മകനെയും കാണാൻ പോകണമെന്ന് മഞ്ജുനാഥ് പറഞ്ഞതിനെ ശോഭ എതിർത്തു.


ഭർത്താവിനെ കൊലപ്പെടുത്തിയ കാര്യം പൊലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന്, ശോഭയെ കൊലപ്പെടുത്തിയ ശേഷം പ്രതി രണ്ട് മക്കളെയും ട്രെയിനിൽ ഉപേക്ഷിച്ചു. രാജുവുമായുള്ള ബന്ധത്തിലുള്ളതാണ് കുട്ടികൾ. ഇവരെ പൊലീസ് പിന്നീട് കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ കെ.അജിത്ത് കുമാർ ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button