ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ഉച്ചയ്ക്ക് 12 മുതൽ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിടും. നട തുറന്ന ശേഷം വൈകിട്ട് ആറോടെ സന്നിധാനത്ത് പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും.
തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കുക. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ മേൽശാന്തി അഗ്നി പകരും. ഇതിനുശേഷം ഇരുമുടിക്കെട്ടുമായി കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിപ്പാടിനെയും മാളികപ്പുറം മേൽശാന്തി എ ദാമോദരൻ നമ്പൂതിരിയെയും അദ്ദേഹം സോപാനത്തേക്ക് ആനയിക്കും.
തുടർന്ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുന്ന ചടങ്ങുകൾ നടക്കും. ഇന്ന് സന്നിധാനത്ത് സ്ഥാനാരോഹണ ചടങ്ങുകൾ മാത്രമാണുള്ളത്. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക. മണ്ഡലകാലത്തിൻ്റെ ആദ്യ ദിനമായ നാളെ ദർശനത്തിനായി ഏകദേശം 70,000 ഭക്തർ എത്തുമെന്നാണ് വിലയിരുത്തൽ. ഇതിനായി സന്നിധാനത്ത് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.



