കാനനപാതയിലെ ആരോഗ്യപ്രവർത്തകർക്ക് അവശ്യസേവനങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമലയിലേക്കുള്ള എരുമേലി കാനനപാതയിൽ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് അവശ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ജീവനക്കാർ എന്നിവർക്ക് ഭക്ഷണവും അവശ്യസേവനങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ. വി., കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
പൊലീസ് മെസിൽ നിന്നുള്ള ഭക്ഷണ സൗകര്യം ഇവർക്ക് നിഷേധിക്കുന്നത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും തീർഥാടന കാലയളവിൽ ഇവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് മെസിൽ നിന്നുള്ള ഭക്ഷണം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ഒക്ടോബർ 15 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ വിവരം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കോടതിയുടെ നിർണായക ഇടപെടൽ.
എരുമേലി കാനനപാതയിൽ വനത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന കാളകെട്ടി, അഴുതക്കടവ്, കൊയ്ക്കാൽക്കടവ് എന്നിവിടങ്ങളിൽ ഡോക്ടർമാരടങ്ങുന്ന ആരോഗ്യവകുപ്പ് സംഘങ്ങൾ സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങൾ ഉൾവനത്തിലായതിനാൽ ഇവർക്കുള്ള ഭക്ഷണം പൊലീസ് മെസിൽ നിന്നാണ് നൽകിവരുന്നത്.



