കാടിനുള്ളിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാല്‍ 2,000 രൂപ പിഴ; നിയമം ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

കാടിനുള്ളിൽ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കാൻ വനംവകുപ്പ് തീരുമാനിച്ചു. ഡിസംബർ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് പിഴ ചുമത്താനുള്ള അധികാരമുണ്ടാകും. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും.
ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസര്‍വ് ഉള്‍പ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങളില്‍ പ്ലാസ്റ്റിക്കും മണ്ണില്‍ ലയിക്കാത്ത മാലിന്യവും വലിച്ചെറിയുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സന്ദർശകർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും വന്യമൃഗങ്ങളും പക്ഷികളും ഭക്ഷിക്കുന്നതിലൂടെ അവയുടെ ജീവന് ഗുരുതര ഭീഷണിയുണ്ടാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ആവാസവ്യവസ്ഥയെയും അപകടത്തിലാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്.
സന്ദര്‍ശകര്‍ക്കു പുറമേ വനത്തിനുള്ളിലെ ജനവാസമേഖലകളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി സംരക്ഷിത വനമേഖലകളിലൂടെ യാത്ര ചെയ്യുന്നവർക്കും പുതിയ നിയമം ബാധകമായിരിക്കും. പിഴയായി ഈടാക്കുന്ന തുക സംരക്ഷിത പ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി മാത്രമേ വിനിയോഗിക്കൂ.
സംരക്ഷിതപ്രദേശങ്ങളില്‍ ഹരിതചട്ടം നടപ്പാക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍, വിഎസ്എസ്-ഇഡിസി പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതി രൂപവത്കരിക്കും.



