കൊട്ടിയൂർ വൈശാഖ മഹോത്സവം: ടൂറിസം സംരംഭകർക്കുള്ള പരിശീലന പരിപാടി 20ന്

കണ്ണൂർ : അടുത്ത വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന തീർത്ഥാടകർക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും (ഡി.ടി.പി.സി) കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ടൂറിസം സംരംഭക പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിശീലന പരിപാടി നടക്കുന്നത്.
വൈശാഖ മഹോത്സവ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേരുന്ന പ്രതിമാസ അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ തുടർനടപടിയായാണ് ഈ പരിശീലനം ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ഹോംസ്റ്റേ, സർവീസ്ഡ് വില്ല തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാൻ താല്പര്യമുള്ളവർക്കും നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
ഉത്തരവാദിത്ത ടൂറിസം, അതിഥി സൽക്കാരം, ശുചിത്വം, സുരക്ഷ, രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളായ കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് എന്നിവിടങ്ങളിലെ താല്പര്യമുള്ള സംരംഭകർക്കും പരിപാടിയിൽ പങ്കാളികളാകാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കണ്ണൂർ ഡി.ടി.പി.സി ഓഫീസുമായോ കൊട്ടിയൂർ ഗ്രാമപഞ്ചായത്തുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0497 2706336.



