ഇരിട്ടി ശോഭ കൊലക്കേസ്: മഞ്ജുനാഥിന് ജീവപര്യന്തം; നിർണായകമായത് അഞ്ചുവയസുകാരൻ മകന്റെ മൊഴി

കണ്ണൂർ : ഇരിട്ടി ശോഭ കൊലക്കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥിന് ജീവപര്യന്തം തടവുശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. മലയാള സിനിമയായ ‘ഉയിര്’ക്ക് ആധാരമായത് നാടിനെ നടുക്കിയ ഈ കൊലപാതക സംഭവമാണ്.
2017 ജനുവരി 21നാണ് ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ശോഭ കൊല്ലപ്പെട്ടത്. ആദ്യ ഭർത്താവ് രാജുവിന്റെ കൊലപാതകവിവരം പോലീസിനോട് വെളിപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് മഞ്ജുനാഥ് അവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഇരിട്ടിയിലെ കിണറ്റിൽ തള്ളി.
കൊലപാതകത്തിന് പിന്നാലെ ശോഭയുടെ അഞ്ച് വയസ്സുകാരനായ മകനെയും ഇളയ മകളെയും ബെംഗളൂരുവിൽനിന്ന് മുംബൈയിലേക്ക് പോകുന്ന ട്രെയിനിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. കുട്ടികളെ പിന്നീട് പോലീസ് കണ്ടെത്തി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളെ കണ്ടെത്തിയ അന്നത്തെ പോലീസ് ഉദ്യോഗസ്ഥനായ അൻഷാദ് (ഇപ്പോൾ തൃശൂർ ഈസ്റ്റ് സി.ഐ) തുടർന്നും അവരുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തിരുന്നു.
കേസിൽ നിർണായകമായത് കൊലപാതകത്തിന് ദൃക്സാക്ഷിയായിരുന്ന മൂത്ത മകന്റെ മൊഴിയാണ്. അഞ്ചുവയസ്സുള്ളപ്പോൾ അമ്മയെ മഞ്ജുനാഥ് കൊലപ്പെടുത്തുന്നത് കണ്ടെന്നായിരുന്നു കുട്ടിയുടെ മൊഴി. കേസിലെ മൂന്നാം സാക്ഷിയായ മകനെ 15 വയസ്സുള്ളപ്പോഴാണ് കോടതിയിൽ വിസ്തരിച്ചത്.
അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞതും ഇരുവരെയും ട്രെയിനിൽ ഉപേക്ഷിച്ച് പ്രതി കടന്നുപോയതും കുട്ടി കോടതിയിൽ വിവരിച്ചു. വിശന്നുകരഞ്ഞ അനിയത്തിക്ക് സഹയാത്രികയായ ഒരു സ്ത്രീ ഭക്ഷണം നൽകിയെന്നും പിന്നീട് അവരാണ് കുട്ടികളെ പോലീസ് സ്റ്റേഷനിലെത്തിച്ചതെന്നും മൊഴിയിൽ പറഞ്ഞു.
ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെയും മഞ്ജുനാഥും ശോഭയും ചേർന്ന് കൊലപ്പെടുത്തിയതായാണ് കേസ്. 2015 ഡിസംബറിൽ രാജുവിനെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയശേഷം മൃതദേഹം വനത്തിലെത്തിച്ച് കത്തിക്കുകയായിരുന്നു. ഈ കൊലപാതകവിവരം പുറത്തുപറയുമെന്ന് ശോഭ അറിയിച്ചതാണ് അവരെ കൊലപ്പെടുത്താൻ മഞ്ജുനാഥിനെ പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്.



