District News

ചാലയിൽ നിയന്ത്രണം വിട്ട ചരക്കുലോറി നാല് വാഹനങ്ങൾ ഇടിച്ചുതകർത്തു; സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

കണ്ണൂർ : ചാല അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട സിമന്റ് ലോറി നാല് വാഹനങ്ങളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ലോറിക്കടിയിൽപ്പെട്ട ചക്കരക്കൽ മുതുകുറ്റി സ്വദേശി എഫ്. ഷബിനാസിനെയാണ് (20) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കൂത്തുപറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വരികയായിരുന്ന സിമന്റ് ലോറി ചാല അമ്പലം സ്റ്റോപ്പിന് സമീപം വെച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഒരു ഓട്ടോറിക്ഷയിലും, സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലും, എതിർദിശയിൽ നിന്ന് വന്ന മറ്റൊരു കാറിലും ലോറി ഇടിച്ചു. ഇതിന് പിന്നാലെ മുന്നിലുണ്ടായിരുന്ന സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ച ലോറി ഡിവൈഡറിൽ ഇടിച്ചുകയറിയാണ് നിന്നത്.

അപകടത്തിൽ സ്‌കൂട്ടറും യാത്രികനും ലോറിക്കടിയിലായി. കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഷബിനാസ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയിലെയും കാറുകളിലെയും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ചാലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.

നാട്ടുകാരും എടക്കാട് പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ പിൻഭാഗം പൂർണ്ണമായും തകരുകയും സ്‌കൂട്ടർ ഛിന്നഭിന്നമാവുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button