കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റ് സഹതടവുകാരന് ഗുരുതര പരിക്ക്

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജയിലിലെ എട്ടാം നമ്പർ മുറിയിലെ അന്തേവാസിയായ എം.പി. വിനോദനാണ് (42) മർദ്ദനമേറ്റത്. സംഭവത്തിൽ സഹതടവുകാരായ അബ്ദുൽ ജബ്ബാർ, അർഷാദ് എന്നിവർക്കെതിരെ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയായിരുന്നു ആക്രമണം നടന്നത്. തടവുകാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചത്. കമ്പിപ്പാര ഉപയോഗിച്ച് പ്രതികൾ വിനോദനെ മർദ്ദിക്കുകയായിരുന്നു. അടിയേറ്റ് വിനോദന്റെ കാലിന്റെ എല്ലുകൾ പൊട്ടുകയും കാൽമുട്ടിന് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനുവദനീയമായതിലും അധികം തടവുകാരെ പാർപ്പിച്ചിരിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ, കാപ്പ കേസുകളിൽ ഉൾപ്പെട്ട പ്രതികൾ തമ്മിൽ ഏറ്റുമുട്ടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.



