കണ്ണൂർ: ജില്ലയിൽ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ഓഫിസുകളിൽ വിജിലൻസ് പരിശോധന. കണ്ണൂരിൽ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ഫണ്ട് ഓഫിസ്, ബീഡി ആൻഡ് ചുരുട്ട് തൊഴിലാളി, കൈത്തറി തൊഴിലാളി, ചുമട്ടുതൊഴിലാളി, മോട്ടോർ തൊഴിലാളി, ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് എന്നീ ക്ഷേമനിധി ഫണ്ട് ഓഫിസുകൾ ഉൾപ്പെടെ ആറിടങ്ങളിലാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി എം.ടി. ജേക്കബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാവിലെ 10.30ന് ആരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
തുടർപരിശോധന നടത്തി മറ്റ് ക്രമക്കേടുകൾ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്
ക്ഷേമനിധി ഓഫിസുകളിലെ ക്രമക്കേടും അഴിമതിയും കണ്ടെത്താൻ ഓപറേഷൻ വെൽഫെയർ ഫണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്.